ചണ്ഡിഗഡ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 51 റൺസിന്റെ തോൽവി. ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി. 214 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് പുറത്തായി.
62 റൺസ് നേടിയ തിലക് വർമ മാത്രമാണ് ഇന്ത്യൻ നിരയിൽ പോരാട്ടം കാഴ്ചവച്ചത്. 17 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് രണ്ടാമത്തെ ഉയർന്ന സ്കോറർ. മറ്റാരു കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല.
നേരിട്ട ആദ്യ പന്തിൽ പുറത്തായി ഉപനായകൻ ശുഭ്മാൻ ഗിൽ വീണ്ടും നിറംമങ്ങി. നായകൻ സൂര്യകുമാർ യാദവ് അഞ്ച് റൺസിനും ഓപ്പണർ അഭിഷേക് ശർമ 17 റൺസിനും പുറത്തായി. ഹർദിക് പാണ്ഡ്യ (20), അക്ഷർ പട്ടേൽ (21) എന്നിവർക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാത്തത് മധ്യഓവറുകളിൽ ഇന്ത്യൻ സ്കോർ മന്ദഗതിയിലാക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി ഒറ്റ്നൽ ബാർട്മാൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, ലുതോ സിപാംബ്ല, മാർക്കോ യാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സ് കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. ഡി കോക്ക് 46 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും ഉൾപ്പടെ 90 റൺസ് നേടി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഡി കോക്ക് സ്വന്തമാക്കി.
ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി.